കൊച്ചി: ക്രിപ്റ്റോ ഇടപാടുകളിലൂടെ 99 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീം ഉടമ സുഭാഷ് ജോർജിനെതിരെ പോലീസ് കേസെടുത്തു. യുകെ മലയാളികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം കറുകച്ചാൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2014 മുതൽ വിവിധ രാജ്യങ്ങളിലുള്ളവരിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന ആരോപണവും സുഭാഷ് ജോർജിനെതിരെയുണ്ട്. സ്വന്തമായി ക്രിപ്റ്റോ കറൻസിയും അതിനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സൃഷ്ടിച്ച് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പരാതിക്കാരുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട് തട്ടിപ്പിനിരയായവർ യുകെ മെട്രോപൊളിറ്റൻ പോലീസിലും പരാതി നൽകിയിട്ടുണ്ട്. അതേസമയം തട്ടിപ്പിലൂടെ ലഭിച്ചെന്ന് ആരോപിക്കപ്പെടുന്ന പണം കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാനും പേട്രിയറ്റ് എന്ന സിനിമയുടെ നിർമാണത്തിനുമായി ഉപയോഗിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
99 ലക്ഷം രൂപയുടെ കേസിന് പുറമെ ഏകദേശം 100 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് കറുകച്ചാൽ പോലീസ് വ്യക്തമാക്കി.